G Venugopal Songs Melody Kavithakal Hits Film Songs Devotional Album

Tuesday, September 21, 2010

Kaavyaraagam Kavithakal - G.Venugopal 
   Music-Suresh Krishna

 "വടക്കെ വീട്ടിലെ വനജ്യോത്സ്ന" എന്ന കവിത, കവിയുടെതന്നെ വാക്കുകളില്‍.

"ഇത്തിരി പോന്ന ഒരു മുത്തിനെ വിളയിക്കാന്‍ ഒത്തിരി ജലം വേണം. ഒരു ജലാശയം , ചിലപ്പോള്‍ ഒരു കടല്‍ തന്നെ. അത് പോലെ ഒരു കൊച്ചു ഗീതകമോ, ഒരു കൊച്ചു ഭാവഗീതമോ എഴുതുന്നത്തിനു ഒട്ടേറെ അനുഭവങ്ങള്‍ വേണം. അങ്ങിനെ കുറെഏറെ അനുഭവങ്ങളില്‍ നിന്നും ഊറിക്കൂടിയ ഒരു ചെറിയ ഭാവഗീതമാണ്‌ വാടക വീട്ടിലെ വനജ്യോത്സ്ന. വനജ്യോത്സ്യനയുടെ വാച്യാര്‍ത്ഥം എന്തെന്ന് ചോദിച്ചാല്‍ അത് കാട്ടിലെ ചന്ദ്രികയെന്നാണ്. കാട്ടില്‍ നിലാവുദിക്കുമ്പോള്‍ ഒട്ടേറെ ഇലകളുടെ മീതെ അത് വെട്ടിത്തിളങ്ങി അവിടെ മുഴുവനും തന്നെ ഒരു പ്രത്യേകമായ ഒരു ഭംഗി തോന്നും. അങ്ങിനെ ചറുപിറുന്നനെ പൂത്തുനില്‍ക്കുന്ന മുല്ലയെ കണ്ടാലും ആ വനജ്യോത്സ്നയെ ഓര്‍മപ്പെടുത്തും. അതുകൊണ്ടാണ് കാളിദാസന്‍ ശാകുന്തളത്തില്‍ ശകുന്തള അരുമയായി വളര്‍ത്തുന്ന മുല്ലവള്ളിക്ക് വനജ്യോത്സ്ന എന്ന് പേരിട്ടത്. ആ വനജ്യോത്സ്നയെ വേര്‍പെടുമ്പോള്‍ ആ മുല്ലവള്ളി പൂക്കളെ കൊണ്ട് കണ്ണീര്‍ പൊഴിച്ചു എന്നും കാളിദാസന്‍ ഭാവനചെയ്തു. അതിലതിശയോക്തി ഉണ്ടായിരുന്നാല്‍ പോലും അതു ഒരു സത്യം തുറന്നു കാണിക്കുന്നു. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം. അതുപോലെ തന്നെ ഒരു ബന്ധം ഇന്നുമുണ്ട് നമുക്കും. ഈ നഗരത്തിലെ ഓരോരോ വാടകവീട്ടിലും ഞാന്‍ ചിലതൊക്കെ നാട്ടുവളര്‍ത്തിയിട്ടുണ്ട്. അതിലെനിക്കെറ്റവും ഇഷ്ടപ്പെട്ടതൊന്നായിരുന്നു ഒരു മുല്ല. മറ്റൊരു വീട്ടിലേക്കു പോകുമ്പോള്‍ അതില്‍നിന്ന് ഒരു കഷണം മുറിച്ചോ , ഒരു തയ്യോ കോണ്ടു ചെന്ന് പിരിച്ചു നടുന്ന പതിവുണ്ടായിരുന്നു.  അവസാനമായി വേര്‍പിരിഞ്ഞ വാടകവീട്ടില്‍ നിന്നും അവിടെ നട്ടുവളര്‍ത്തി ധാരാളം പൂക്കളോടു കൂടി നില്‍ക്കുന്ന ആ വനജ്യോത്സ്യനയെ വിടപറഞ്ഞു പിരിഞ്ഞപ്പോള്‍ ഉണ്ടായ മധുരമായ ചില നൊമ്പരങ്ങളാണ് പിന്നീട് വാടക വീട്ടിലെ വനജ്യോത്സ്നയായത്‌. അതിലൊരു സംസ്കാരമുണ്ട്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള വളരെ മനോഹരമായ ഒരു ബന്ധത്തിന്റെ ഒരു സംസ്കാരമുണ്ട്.  ആ സംസ്കാരം നമ്മുടെ ജീവിതത്തില്‍ നിന്ന് തേഞ്ഞു മാഞ്ഞു പോയാലും മനസ്സില്‍ അതു ഓര്‍മകളായി, നിത്യമായ ഒരു അനുഭൂതിയായി അയവിറ ക്കുംതോറും  ആഴമേറുന്ന ഒരു അനുഭൂതിയായി അവശേഷിക്കുന്നു." - O N V കുറുപ്പ് 


Balyakaalasakhi - Vishunarayanan Namboodiri
"എന്റെ തടി തിരിയുന്നതിനൊക്കെ വളരെ മുന്‍പ്, എന്റെ കവിതയുടെ നാമ്പ് വിരിയുന്ന കാലത്ത്, മൂളിക്കൊണ്ട് നടന്ന ചില ഈരടികളാണ് ഈ പ്രണയഗീതങ്ങളായി വന്നിട്ടുള്ളത്. കൗമാര ചാപല്യങ്ങള്‍ എന്ന് വിളിച്ചാല്‍ ഒരു ദോഷവുമില്ല. ബാല്യകാലസഖി എന്ന ഈ കവിത ഒരു പ്രത്യേക അനുഭവത്തിന്റെ വിവരണമാണ്, ആവിഷ്കരണമാണ്. കുട്ടിക്കാലത്തുണ്ടായിരുന്ന തുമ്പപൂപോലെ വെളുത്ത് പരിശുദ്ധമായൊരു സ്നേഹബന്ധം തീരെ പ്രതീഷിക്കാത്ത സന്ദര്‍ഭങ്ങളില്‍, അസന്ദര്‍ഭങ്ങളില്‍, രതിമൂ ര്‍ച്ഛകളില്‍ മനസ്സിലുയര്‍ന്നു വരുന്ന അനുഭൂതിയാണ് ബാല്യകാലസഖിയില്‍ പ്രേരകമായിട്ടുള്ളത്‌. സ്നേഹം തന്നെ ഒരു ഞരമ്പുരോഗമാണെന്നു വന്നു തീര്‍ന്നിട്ടുള്ള ആധുനിക ഉപഭോഗസംസ്കാരത്തില്‍ ഇതിനെന്താണ് പ്രസക്തി എന്നെനിക്കറിയില്ല. പക്ഷെ, ഹൃദയം കൊണ്ടറിയുന്ന സത്യം  എക്കാലത്തും സുന്ദരമാകാതെ വയ്യ. "


"കവിതയെയും സംഗീതത്തെയും സ്നേഹിക്കുന്നവരെ, ഈ സംരംഭം നിങ്ങള്‍ക്കു വേണ്ടിയുള്ളതാണ്. ചിലപ്പോള്‍ കവിത അഗ്നിയാണ്, ചിലപ്പോള്‍ ഇളംകാറ്റാണ്. ഒരു ജലതരംഗ കമ്പനം പോലെ  തരളമാകുവാനും, ഇടിനാദം പോലെ  ഗംഭീരമാകുവാനും കവിതയ്ക്കു കഴിയും. വൈവിധ്യമാര്‍ന്ന ഈ നാദങ്ങളെല്ലാം മനുഷ്യഹൃദയത്തിനുള്ളില്‍ ഉറങ്ങുകയാണ്. ഒരു പ്രേമ ചുംബന സ്മൃതിപോലെ, ഒരു വിഷാദ മന്ദസ്മിതം പോലെ, ഒരു പേലവ നിമിഷത്തില്‍ ജനിച്ച കവിതയാണിത്‌. പവിഴമല്ലിപ്പൂവിന്റെ മനം പുരണ്ട ഒരു രാത്രിയില്‍...."  സുഗതകുമാരി 



"ഭാരതത്തിന്റെ ഭക്തിസൂഫി പാരംമ്പര്യത്തെ അടിസ്ഥാനപരമായി ഒരു കീഴാള പാരംമ്പര്യമായാണ് ഞാന്‍ മനസ്സിലാക്കുന്നത്. കര്‍ഷകരുടെയും, കൈവേലക്കാരുടെയും , സ്ത്രീകളുടെയും , ന്യൂനപക്ഷങ്ങളുടെയും ഒരു കലാപമായിരുന്നു അത്. എല്ലാതരം ഉച്ച നീച്ചത്വങ്ങള്‍ക്കും എതിരായ കലാപം. ആണ്ടാളും, അക്കമഹാദേവിയും മുതല്‍ ജാലഭായിയും, മീരാഭായിയും വരെയുള്ള ഭക്തകവിയത്രികള്‍ ഭിന്നരീതികളില്‍ പുരുഷ മേധാവിത്വത്തെ ചെറുത്തവരാണ്. മീര പാടുന്നു എന്ന കവിതയില്‍ ഭക്തമീരയുടെ വിമോചന വാങ്ച്ചക്കാണ് ഞാന്‍ ഊന്നല്‍ നല്‍കുന്നത്.  രാജപത്നിയായിരുന്ന മീരക്ക് കൊട്ടാരത്തിന്റെ തടവറ ഭേദിച്ച് നശ്വരമായ ഭൌതിക പ്രതാപവും അധികാരവും സമ്പത്തും നിരാകരിച്ചു മോചനം നേടാനുള്ള നിമിത്തമായിരുന്നു കൃഷ്ണഭക്തി. ഇവിടെ കൃഷ്ണന്‍ വിമോചകനാണ്. മീര ബന്ധനങ്ങളെല്ലാം പൊട്ടിച്ചെറിയുന്ന മുക്തസ്ത്രീയും. അവളുടെ സാഹചര്യങ്ങളിലൂടെ തന്നെ തെരഞ്ഞെടുത്ത പ്രതീകങ്ങളിലൂടെയാണ് കവിതയുടെ വികാസം." - സച്ചിദാനന്ദന്‍ 



"ഗ്രാമജീവിതത്തില്‍ നിന്ന് നഗരജീവിതത്തിലേക്ക് അനുദിനം മാറിക്കൊണ്ടിരിക്കുകയാണ് ഞാന്‍ ഉള്‍പ്പെടെയുള്ളവരുടെ മനുഷ്യജീവിതം. സങ്കല്‍പ്പങ്ങളും, അനുഭവങ്ങളും, സ്വപ്നങ്ങളും അങ്ങനെ തന്നെ. നാഗരികതയുടെ മധ്യത്തില്‍ എപ്പൊഴും ഒരു പഴയ അനുഭവം, സ്നേഹത്തിന്റെ സന്ദേശം പോലെ, ഒരു കിളിയുടെ മധുരമായ മൊഴി പോലെ പിന്‍തുടരുന്നു. ഈ കവിതയില്‍ അതാണ്‌ ചിത്രീകരിക്കുന്നത്.  നഗരം കൊടുക്കല്‍ വാങ്ങലുകളുടെ , വിലപേശലുകളുടെ, കണക്കുകളുടെ , സ്വന്തമായ ഇഷ്ടാനിഷ്ടങ്ങളുടെ ഒരു മണ്ഡലമാണ്. അവിടെ സ്നേഹമെന്നത് ഓഹരിവെയ്ക്കുന്ന മൈഥുന ശൈലിയാണ്. അതില്‍നിന്ന് മാറി ആത്മലയം പൂര്‍ണ്ണമായുള്ള സ്നേഹത്തിലേക്കുള്ള ഒരു തിരിച്ചു പോക്ക്. യന്ത്രമൈനകളുടെ പാട്ടില്‍ നിന്ന് മാറി ആത്മാവിന്റെ മൈനകളുടെ ഒരുമിച്ചുള്ള പാട്ടിലേക്ക് ഒരു തിരിച്ചു പോക്ക്. അത് വരാതിരിക്കില്ല, എന്റെ മുറ്റത്തെ കണിക്കൊന്നയും പൂ തരാതിക്കില്ല എന്ന ഒരു പ്രതീക്ഷ , ഒരു സ്വപ്നം, പൂക്കണികളുടെ കാലത്ത് പഴയ സ്നേഹത്തിന്റെ കണി വീണ്ടുമുണ്ടാകും എന്ന ഒരു പ്രാര്‍ത്ഥന അതാണ്‌ വെറുതെയാണ് എന്റെ അസ്വാസ്ഥ്യം എന്ന കവിതയ്ക്കു ആധാരം. തീര്‍ച്ചയായും അസ്വാസ്ഥ്യം വെറുതെയായിരിക്കും." - മധുസൂദനന്‍ നായര്‍



"ഓരോ കവിതക്കും ഓരോരോ നിമിത്തങ്ങളുണ്ടാകും, അതാണെന്റെ അനുഭവം. പരാതിയെന്ന കവിതക്കും വളരെ വ്യക്തമായ നിമിത്തമുണ്ട്‌. 1070 -ല്‍ ഉദ്യോഗാര്‍ഥം ഞാനൊറ്റക്ക് ഡല്‍ഹിയില്‍ ഒരു വര്‍ഷക്കാലം കഴിയേണ്ടതായി വന്നു. അന്ന് കുടുംബം നാട്ടില്‍. ഭാര്യ കുറഞ്ഞത്‌ ആഴ്ചയിലോരോ കത്ത് അയക്കാറുണ്ട്. ഓരോ കത്തിലും അവള്‍ക്കു പറയാനുള്ളത് അവളെ വിട്ടിട്ടു ഒറ്റയ്ക്ക് ഞാന്‍ ഡല്‍ഹിയില്‍ കഴിയുന്നതിനെ കുറിച്ചുള്ള  പരാതികളും  പരിഭവങ്ങളുമാണ്. അതുപോലെ ജീവിതത്തിന്റെ കുറവുകളെയും കുറ്റങ്ങളെയും കുറിച്ചുള്ള പരാതിയാണ്. ആദ്യമൊക്കെ ഈ പരാതികള്‍ എന്നെ ആലോസരപ്പെടുത്തിയിരുന്നു. എങ്കിലും പിന്നീട് ഈ പരാതികളെനിക്കു ഊര്‍ജ്ജം പകരുന്ന ഒന്നായിട്ടു മാറി. അങ്ങനെ എന്റെ ഭാര്യയുടെ പരാതികളാണ് ഈ കവിത എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. അതാണ്‌ കവിതയുടെ നിമിത്തം. എഴുതി കഴിഞ്ഞപ്പോള്‍ ഇത് ഭാര്യയുടെ പരാതി മാത്രമല്ല എന്നും , നമ്മുടെ ജീവിതം തന്നെ അര്‍ഥം കൈവരിക്കുന്നത്  നമുക്കേറ്റവും പ്രിയപ്പെട്ടവരുടെ പരാതിയില്‍ക്കൂടെയാണെന്നും എനിക്കു തോന്നി. എന്റെ അസ്ഥിത്വതിന്റെ അടിസ്ഥാനം തന്നെ പ്രിയപ്പെട്ടവരുടെ പരാതിയാണെന്ന തിരിച്ചറിവ്, അതാണീ കവിതയില്‍ മുഖ്യമായും കാണുന്നത്. അതു കാമുകിയുടെതാവം , ഭാര്യയുടെതാവം , മറ്റു ഇഷ്ടമുള്ള എല്ലാ ആള്‍ക്കാരുടെതുമാകാം. ആ നിലക്ക് ഈ പരാതിയുടെ വ്യാപ്തി വളരെയേറെ വിപുലവും അതു ജീവിതത്തിന്റെ വിശാലമായ മേഖലയെ പുല്കുന്നതും ആണെന്ന് എനിക്കു തോന്നുന്നു. വാസ്തവത്തില്‍ മറ്റുള്ളവരുടെ കണ്ണുകളിലാണ് നമുക്ക് നമ്മെ ചെറുതായിട്ടാണെങ്കിലും വ്യക്തമായി കാണാന്‍ കഴിയുന്നത്‌. അതും ആര്‍ദ്രമായ കണ്ണുകളില്‍. കണ്ണിന്റെ ആര്‍ദ്രതയില്‍ തെളിയുന്ന ആ രൂപമാണ്‌ നമ്മുടെ യഥാര്‍ഥ രൂപം. നമ്മുടെ നിലനില്‍പ്പ്‌ അവരുടെ പരാതിയുടെ ശബ്ദമാണ്. നമ്മുടെ ഹൃദയത്തിന്റെ സ്പന്ദം. അങ്ങനെ ഒരു പാരസ്പര്യത്തിന്റെ മഹോന്നതമായ അവസ്ഥ സൃഷ്ട്ടിക്കുന്നതിനു പരാതികള്‍ക്ക് കഴിയും എന്ന ഒരു തോന്നലാണ് ഈ കവിതയിലൂടെ ഞാന്‍ ആവിഷ്കരിക്കാന്‍ ശ്രമിച്ചിരിക്കുന്നത്. നിങ്ങള്‍ പരാതി കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്കും അങ്ങനെ ബോധ്യമാകും എന്ന് ഞാന്‍ വിശ്വസിക്കുന്നു. " - കടമ്മനിട്ട രാമകൃഷ്ണന്‍



No comments:

Post a Comment